കൊച്ചി: കേരളത്തിന്റെ വാട്ടർ മെട്രോ രാജ്യാന്തര തലത്തിലേക്ക് ചുവടുവയ്ക്കുന്നു. അനുമതികൾ ലഭിക്കുന്നതോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) മേൽനോട്ടത്തിൽ വിദേശ രാജ്യങ്ങളിലും വാട്ടർ മെട്രോ പദ്ധതികൾ യാഥാർഥ്യമാകും.
വിയറ്റ്നാമിലും മലേഷ്യയിലും പദ്ധതിക്കായുള്ള പ്രാഥമിക പഠനങ്ങൾ ആരംഭിച്ചു. കോംഗോ, നൈജീരിയ, സൗദി അറേബ്യ, ഒമാൻ, സീഷെൽസ് എന്നീ രാജ്യങ്ങളും വാട്ടർ മെട്രോയിൽ താൽപര്യം പ്രകടിപ്പിച്ച് കെ.എം.ആർ.എല്ലിനെ സമീപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
വിയറ്റ്നാമിലെ മികോങ് നദിയിൽ വാട്ടർ മെട്രോ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ സാധ്യതാപഠനം പൂർത്തിയായി. പദ്ധതിയുമായി ബന്ധപ്പെട്ട് എംബസിതലത്തിലുള്ള ആശയവിനിമയം തുടരുകയാണെന്ന് കെ.എം.ആർ.എൽ. അധികൃതർ വ്യക്തമാക്കി.
വിയറ്റ്നാമിൽ 173 കിലോമീറ്റർ ദൂരത്തിൽ വാട്ടർ മെട്രോ സർവീസ് ആരംഭിക്കാനാണ് പദ്ധതി. ഏഴ് പാതകളും 35 ടെർമിനലുകളും ഇതിന്റെ ഭാഗമാകും. സർക്കാർതല നടപടിക്രമങ്ങളും ആവശ്യമായ അനുമതികളും പൂർത്തിയായാൽ വിയറ്റ്നാമുമായി ഔദ്യോഗിക കരാറിൽ ഏർപ്പെട്ട് പദ്ധതി നടപ്പാക്കാനുള്ള നടപടികളിലേക്ക് കടക്കാനാകും.
മലേഷ്യയിലെ പെനാങ്ങിലും വാട്ടർ മെട്രോയ്ക്കായി പ്രാഥമിക സാധ്യതാപഠനം നടത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളുമായുള്ള ചർച്ചകളും തുടരുകയാണ്. കൊച്ചി വാട്ടർ മെട്രോയുടെ കൺസൾട്ടൻസി സേവനങ്ങൾ രാജ്യാന്തരതലത്തിൽ വ്യാപിപ്പിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്.
നിലവിൽ ഇന്ത്യയിലെ 18 സ്ഥലങ്ങളിൽ കൊച്ചിയുടെ മാതൃകയിൽ വാട്ടർ മെട്രോ നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് വിദേശ രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കം. കഴിഞ്ഞ വർഷം വിവിധ കൺസൾട്ടൻസി ജോലികളിലൂടെ മാത്രം കൊച്ചി വാട്ടർ മെട്രോയ്ക്ക് 15 കോടി രൂപ വരുമാനം ലഭിച്ചിരുന്നു.




