മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുതിയ വെള്ളിരഥം സമർപ്പിച്ചു. ബെംഗളൂരുവിലെ ആർഎംബി ആരാധ്യ ട്രസ്റ്റാണ് ഏകദേശം 3 കോടി രൂപ വിലവരുന്ന രഥം ക്ഷേത്രത്തിന് കാണിക്കയായി നൽകിയത്. ട്രസ്റ്റ് ഭാരവാഹി രാകേഷ് ആരാധ്യ കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾക്ക് രഥം കൈമാറി. 106 കിലോ വെള്ളി ഉപയോഗിച്ചാണ് രഥം നിർമ്മിച്ചിരിക്കുന്നത്.
ഇതോടെ ക്ഷേത്രത്തിൽ ദേവിയെ എഴുന്നള്ളിക്കാൻ നാലു രഥങ്ങൾ ആയി. നിലവിൽ ഒരു സ്വർണരഥം, ഒരു മരത്തിൽ തീർത്ത പുഷ്പരഥം, ബ്രഹ്മരഥം എന്നിവയാണ് ഉള്ളത്. ഭക്തർ വഴിപാടായി ക്ഷേത്രത്തിനുള്ളിൽ സ്വർണരഥം വലിക്കാറുണ്ട്. ഇതിന് 20,000 രൂപയാണ് ഈടാക്കുന്നത്. പുതുതായി ലഭിച്ച വെള്ളിരഥം വലിക്കാൻ 10,000 രൂപ ഈടാക്കുമെന്ന് ക്ഷേത്ര ട്രസ്റ്റി അംഗം പി.വി. അഭിലാഷ് അറിയിച്ചു. പുഷ്പരഥത്തിൽ നവമിനാളിലും ബ്രഹ്മരഥത്തിൽ വാർഷികോത്സവ സമയത്തുമാണ് ദേവിയെ എഴുന്നള്ളിക്കുന്നത്.






