കോഴിക്കോട്: പാളയം സ്വദേശി ബിജുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബിജുവിന്റെ ശരീരത്തിലാകെ 45 മുറിവുകളുണ്ടായിരുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി 18 കത്തിക്കുത്തുകളേറ്റതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കിച്ചൺ നൈഫ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പാളയം പച്ചക്കറി മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് വിശദമായി പരിശോധിച്ചുവരികയാണ്.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. അമ്മയാണ് ആദ്യം ബിജുവിനെ കണ്ടെത്തിയത്. തുടർന്ന് സമീപവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ചു.
കൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങൾക്ക് പങ്കുണ്ടാകാമെന്നാണ് ബിജുവിന്റെ കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് ലഹരി സംഘങ്ങളുടെ പ്രവർത്തനം സജീവമായിരുന്നുവെന്നും ഇതിനെതിരെ ബിജു പ്രതികരിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.
വീടിന് സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന പരസ്യ മദ്യപാനത്തെക്കുറിച്ചും മറ്റും ബിജു പൊലീസിനെ അറിയിച്ചിരുന്നതായും കുടുംബം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നൽകിയ വിവരങ്ങളുടെ പേരിലുണ്ടായ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.




