അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
തീവണ്ടിയിൽ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതേ സ്ഥലത്ത് രണ്ട് ദിവസം മുൻപും സമാനമായ അപകടം നടന്നിരുന്നു. മാവേലി എക്സ്പ്രസിൽ നിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അബ്ദുൾ ഹമീദിന് (37) ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.




