തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടോത്തികളാണ് പ്രതി പ്രദീപിന്റെ തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയത്.
അയൽവാസികളായ വിശാഖും പ്രദീപും തമ്മിലുള്ള ദീർഘകാല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുകുടുംബങ്ങളും തമ്മിൽ വർഷങ്ങളായി അതിർത്തിത്തർക്കം നിലനിന്നിരുന്നു. നാല് മാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും കുറ്റകൃത്യത്തിനുശേഷം തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി പ്രദീപിനെയും മൂന്ന് സുഹൃത്തുക്കളെയും പുലയനാർകോട്ടയിലെ വനമേഖലയിൽ നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് മൂന്ന് വാക്കത്തികളും പോലീസ് പിടിച്ചെടുത്തിരുന്നു.




