തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടന തീയതിയിൽ മാറ്റം. നാളെ നടത്താനിരുന്ന തിരുവനന്തപുരം–എറണാകുളം ബിസിനസ് ക്ലാസ് ബസിന്റെ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി. അതേസമയം, ആലപ്പുഴ–ബെംഗളൂരു ബസിന്റെ ഉദ്ഘാടനത്തിന് മാറ്റമില്ല. ഓഗസ്റ്റ് 16ന് കെ.സി. വേണുഗോപാൽ എംപി ആലപ്പുഴയിൽ ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
നാളെ തമ്പാനൂരിൽ റീഫർബിഷ്ഡ് ബസുകളുടെ ഫ്ലാഗ് ഓഫ് നടക്കും. മറ്റന്നാൾ വെട്ടുകാട്–വേളാങ്കണ്ണി സർവീസിന്റെ ഉദ്ഘാടനവും നടക്കും. ഈ പരിപാടികൾക്ക് ശേഷമായിരിക്കും തിരുവനന്തപുരം–എറണാകുളം ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുക.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കെഎസ്ആർടിസിയുടെ 12 ബസുകൾ പുതുക്കിപ്പണിതിരിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നതിനും എൻജിൻ കാര്യക്ഷമതയും മൈലേജും വർധിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. പരീക്ഷണം വിജയിച്ചാൽ ബസുകളുടെ സർവീസ് കാലാവധി 15 വർഷത്തിൽ നിന്ന് ഉയർത്താനും പദ്ധതിയുണ്ട്.
വോൾവോ ആഡംബര ബസുകളുടെ മാതൃകയിലാണ് ബിസിനസ് ക്ലാസ് ബസുകൾ ഒരുക്കിയിരിക്കുന്നത്. 35 സീറ്റുകളുള്ള ബസിൽ ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണം, ടോയ്‌ലറ്റ്, പാൻട്രി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
പൂർണമായും ചായിക്കാവുന്ന ലെതർ സീറ്റുകൾ, ഓരോ സീറ്റിന് പിന്നിലും പ്രത്യേക സ്ക്രീൻ, മൊബൈൽ ചാർജിങ് സംവിധാനം, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക്, ഫുട്‌റെസ്റ്റ്, വിൻഡോ കർട്ടൻ തുടങ്ങിയ സൗകര്യങ്ങളും ബസിലുണ്ടാകും. മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ബിസിനസ് ക്ലാസ് ബസ് എന്ന ആശയം മുന്നോട്ടുവച്ചത്.




