തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉപസമിതിയിൽ അഭിപ്രായവ്യത്യാസം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറുമായി മുന്നോട്ടുപോകണമോ എന്ന കാര്യത്തിലാണ് ഭിന്നത.
വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, എം. ലിജു എന്നിവർ ഉൾപ്പെടുന്നതാണ് ഉപസമിതി. നാല് അംഗങ്ങളിൽ മൂന്ന് പേർ പദ്ധതി തുടരുന്നതിനെ അനുകൂലിച്ചപ്പോൾ ഒരു കോൺഗ്രസ് മന്ത്രി എതിർപ്പ് അറിയിച്ചു.
പദ്ധതിയിൽനിന്ന് പിന്മാറിയാൽ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ പി.എം. ശ്രീ പദ്ധതിയിലൂടെ സിലബസിൽ ഉണ്ടാകുന്ന കേന്ദ്ര ഇടപെടലുകൾ അംഗീകരിക്കാനാകില്ലെന്നാണ് എതിർക്കുന്ന മന്ത്രിയുടെ നിലപാട്. കേന്ദ്ര ഇടപെടൽ ഒഴിവാക്കാൻ സംസ്ഥാനത്തിന് നിയമപരമായി എന്തെങ്കിലും സാധ്യതയുണ്ടോ എന്നും ഉപസമിതി പരിശോധിക്കുന്നുണ്ട്.
അതേസമയം, മുസ്ലിം ലീഗ് പദ്ധതിയെക്കുറിച്ചുള്ള നിലപാട് പുനഃപരിശോധിക്കുന്നതായാണ് വിവരം. പദ്ധതി നടപ്പാക്കിയാൽ പാർട്ടി കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന ആശങ്കയാണ് ഇതിന് പ്രധാന കാരണം. വിവിധ മുസ്ലിം സംഘടനകളിൽനിന്നുള്ള ശക്തമായ എതിർപ്പും ലീഗ് പരിഗണിക്കുന്നുണ്ട്.
നേരത്തെ പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫിന്റെ പൊതുതീരുമാനത്തിനൊപ്പം നിൽക്കാനായിരുന്നു ലീഗിന്റെ തീരുമാനം. എന്നാൽ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലാണ് സാദിഖലി ശിഹാബ് തങ്ങളെന്നാണ് സൂചന.
സംസ്ഥാന സർക്കാരിന് വേണമെങ്കിൽ പദ്ധതിയിൽനിന്ന് പിന്മാറാമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഇതും ലീഗിന്റെ പുനഃപരിശോധനയ്ക്ക് കാരണമായിട്ടുണ്ട്. പദ്ധതി നടപ്പാക്കിയ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പ്രതീക്ഷിച്ചത്ര കേന്ദ്ര ഫണ്ട് ലഭിച്ചിട്ടില്ലെന്ന വിവരവും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് വിവരം.
യുഡിഎഫിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം മുന്നണിക്കുണ്ടെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. പി.എം. ശ്രീ പദ്ധതിയോട് ലീഗിന് എതിർപ്പില്ലെന്ന പ്രചാരണവും അദ്ദേഹം തള്ളി.
അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുമ്പ് ഉപസമിതി വീണ്ടും യോഗം ചേരും. യോഗത്തിന് ശേഷം സമിതി നിലപാട് സർക്കാരിനെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക.




