കോട്ടയം: കുമരകം കലാഭവന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 23 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കലാഭവൻ അങ്കണത്തിൽ നടക്കും. കുമരകം വള്ളാറ സെന്റ് ജോൺസ് പുത്തൻപള്ളി വികാരി റവ. ഫാദർ ഫിലിപ്പ് കാരിശ്ശേരിങ്കൽ ചടങ്ങിൽ ക്രിസ്മസ്- പുതുവത്സര സന്ദേശം നൽകും. കലാഭവൻ പ്രസിഡന്റ് എം.എൻ. ഗോപാലൻ ശാന്തി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗം കെ.ജി. ബിനു മുഖ്യാതിഥിയായിരിക്കും.
കലാഭവൻ വർക്കിംഗ് പ്രസിഡന്റ് ടി.കെ. ലാൽ ജ്യോത്സ്യർ, സെക്രട്ടറി എസ്.ഡി. പ്രേംജി, വൈസ് പ്രസിഡന്റ് സാൽവിൻ കൊടിയന്ത്ര എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിക്കും. ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനങ്ങൾ, സ്നേഹസമ്മാന വിതരണം, കേക്ക് മുറിക്കൽ തുടങ്ങിയ വിവിധ കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.










