മലപ്പുറം: കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിനിടയായ സ്വകാര്യ ബസ് അപകടത്തിൽ ബസ് അമിതവേഗത്തിലായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള സ്ഥലത്ത് ബസ് ഏകദേശം 100 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് കണ്ടെത്തിയത്.
അമിതവേഗത്തിൽ എത്തിയ ബസ് വളവ് തിരിയാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മഴയെ തുടർന്ന് റോഡിൽ വെള്ളപ്പാളി രൂപപ്പെട്ടതിനാൽ ടയറുകൾക്ക് റോഡുമായുള്ള പിടിത്തം നഷ്ടപ്പെടുന്ന ‘അക്വാപ്ലെയിനിങ്’ പ്രതിഭാസവും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി സംയുക്ത പരിശോധനയിൽ വിലയിരുത്തി.
അപകടമുണ്ടായ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദമായി പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. മോട്ടോർ വാഹന വകുപ്പ്, പോലീസ്, നാറ്റ്പാക്, ദേശീയപാത അതോറിറ്റി എന്നിവരുടെ സംയുക്ത പരിശോധന പൂർത്തിയായിട്ടുണ്ട്.
തൃശൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് കഴിഞ്ഞ ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. ബസ് തലകീഴായി മറിഞ്ഞ അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ബസ് പൂർണമായും തകരുകയും ചെയ്തു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്.



