കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് സീറ്റ് നിഷേധിച്ചെങ്കിലും, തഴഞ്ഞ ഒരു ഘടകകക്ഷിയുടെ നേതാവിന്റെ ഭാര്യയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കി എൽഡിഎഫ്. പാലാ നഗരസഭയുടെ കൊച്ചിടപ്പാടി വാർഡിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നത് കേരള കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ ഷീബ സാജനാണ്.
സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് (ബി) അടക്കമുള്ള ഘടകകക്ഷികൾക്ക് ഒരു സീറ്റ് പോലും നൽകാതിരുന്ന സാഹചര്യത്തിലാണ്, മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷീബ സാജൻ മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ സിജി ടോണി തോട്ടത്തിലിനെതിരെയാണ് ഷീബ സാജൻ കൊമ്പുകോർക്കുന്നത്.
കേരള കോൺഗ്രസ് (ബി)ക്ക് ഒരു സീറ്റ് പോലും നൽകാത്തതിൽ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം നിലനിൽക്കെയാണ് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യക്ക് സീറ്റ് നൽകിയിട്ടുള്ളത്. വാർഡിൽ മത്സരിക്കാൻ മറ്റു ആളുകളെ കിട്ടാത്തതുകൊണ്ടാണ് കേരള കോൺഗ്രസ് (ബി) നേതാവിന്റെ ഭാര്യയെ സിപിഐ സ്വതന്ത്രയായി രംഗത്തിറക്കിയതെന്നാണ് പ്രതിപക്ഷ പാർട്ടികൾ പ്രധാനമായും ഉന്നയിക്കുന്ന ആക്ഷേപം. ഈ നീക്കം മുന്നണിയിലെ ചില അതൃപ്തികൾ മറികടക്കാനുള്ള തന്ത്രമാണെന്നും സൂചനയുണ്ട്.
അതിനിടെ, തങ്ങൾക്കുണ്ടായിരുന്ന സീറ്റ് കൂടി നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൻസിപി നേതാവ് കഴിഞ്ഞ ദിവസത്തെ എൽഡിഎഫ് യോഗത്തിൽ നിന്നും വാക്ക് ഔട്ട് നടത്തിയത് മുന്നണിയിൽ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നതിന്റെ സൂചനയായി വിലയിരുത്തുന്നു. ഘടകകക്ഷികളെ തഴഞ്ഞുകൊണ്ടുള്ള സീറ്റ് വിഭജനത്തിലെ അതൃപ്തികൾ പരിഹരിക്കാൻ എൽഡിഎഫ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.






