പൂനെ: ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഇന്ത്യൻ കരസേനയിലെ ഡോക്ടർമാർ രക്ഷപ്പെടുത്തി.
കുഞ്ഞിന്റെ ഇടത് ശ്വാസകോശത്തിലേക്കുള്ള ശ്വസനനാളിയിലാണ് തുരുമ്പിച്ച വയറുകളോടുകൂടിയ എൽഇഡി ബൾബ് കുടുങ്ങിയത്. ശ്വാസകോശത്തിന് ഗുരുതരമായ അപകടം സംഭവിക്കാനും വലിയ ശസ്ത്രക്രിയ ആവശ്യമായി വരാനുമുള്ള സാഹചര്യമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ നടത്തിയ അതിസങ്കീർണമായ ബ്രോങ്കോസ്കോപിക് നടപടിയിലൂടെയാണ് ബൾബ് വിജയകരമായി നീക്കം ചെയ്തത്.
സംഭവത്തെക്കുറിച്ച് ഇന്ത്യൻ കരസേനയുടെ സതേൺ കമാൻഡ് ഔദ്യോഗികമായി അറിയിക്കുകയും ഡോക്ടർമാരുടെ ഇടപെടലിനെ പ്രശംസിക്കുകയും ചെയ്തു.






