തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ എപ്പോൾ തീരുമാനിക്കുമെന്ന ചോദ്യത്തിന് ധൃതിപിടിക്കേണ്ട കാര്യമില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോടാണ് ചോദിക്കേണ്ടതെന്നും മുഖ്യമന്ത്രി വന്നാൽ ഉടൻ പ്രതിപക്ഷ നേതാവിനെയും തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരണമാണ് ആദ്യം നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതൃസ്ഥാനത്തിൽ തലമുറമാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സിപിഎമ്മാണെന്നും പാർട്ടി തീരുമാനിച്ചാൽ മുന്നണിക്കുള്ളിലും ചർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്ന നിലപാട് സിപിഐ എടുത്തതായി അറിയില്ലെന്നും പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് സിപിഐ എൽഡിഎഫ് യോഗത്തിൽ വിഷയം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് എൽഡിഎഫ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സമരത്തിന്റെ ലക്ഷ്യം പ്രശ്നപരിഹാരമല്ലായിരുന്നുവെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. സർക്കാർ തുടക്കത്തിൽ തന്നെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിഷയം രാഷ്ട്രീയമായി വഴിതിരിച്ചുവിടാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എന്നാൽ ഇത്രയും നാളായിട്ടും തീരുമാനം വന്നിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് ഭരണം നടത്തുകയും എൽഡിഎഫ് പ്രതിപക്ഷത്തിരിക്കണമെന്നും ജനങ്ങൾ വിധിച്ചിട്ടുണ്ടെന്നും ആ ജനവിധിയോടുള്ള ഉത്തരവാദിത്വം യുഡിഎഫ് നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഔദ്യോഗികമായി രൂപീകരിക്കാത്ത സാഹചര്യത്തിലും സർക്കാർ ജീവനക്കാരുടെ വ്യാപക സ്ഥലംമാറ്റങ്ങൾ നടക്കുകയാണെന്ന് ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. സംഘടനാ ഭാരവാഹികൾ നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റങ്ങൾ നടക്കുന്നതെന്നും ഏത് സർക്കാരിന്റെ തീരുമാനപ്രകാരമാണ് ഇതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അരിയുടെ വില രണ്ടുരൂപ വർധിപ്പിച്ചതും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് ഭരണത്തിൽ 13 ഇന സാധനങ്ങളുടെ വില ഉയർത്തിയിരുന്നില്ലെന്നും പിന്നീട് ഉണ്ടായ വർധനവ് മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ രൂപീകരണത്തിന് മുൻപേ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജനദ്രോഹ നടപടികൾ ആരംഭിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.






