ന്യൂഡൽഹി: ഇന്ത്യയിലെ ആധാർ സേവനങ്ങളിൽ വലിയ മാറ്റത്തിന് തുടക്കമിട്ട് പഴയ എംആധാർ (mAadhaar) ആപ്പ് ഉടൻ അവസാനിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതിന് പകരമായി കൂടുതൽ സുരക്ഷയും ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്ന പുതിയ ആധാർ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.
എംആധാർ ആപ്പ് ഉടൻ അവസാനിപ്പിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിലൂടെ യുഐഡിഎഐ വ്യക്തമാക്കി. പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്ത് കൂടുതൽ വേഗത്തിലുള്ള സേവനങ്ങളും സ്മാർട്ട് ഫീച്ചറുകളും ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പഴയ ആപ്പിന്റെ സാധാരണ അപ്‌ഡേറ്റ് മാത്രമല്ല, പൂർണ്ണമായ പുതിയ പ്ലാറ്റ്‌ഫോം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് യുഐഡിഎഐ വ്യക്തമാക്കി.
പുതിയ ആപ്പിലെ പ്രധാന സവിശേഷതകളിൽ ഒന്നാണ് സുരക്ഷിതമായ ക്യുആർ കോഡ് അടിസ്ഥാനമാക്കിയ ആധാർ ഷെയറിംഗ് സംവിധാനം. ഹോട്ടലുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയിടങ്ങളിൽ ഇനി മുഴുവൻ ആധാർ വിവരങ്ങൾ കാണിക്കേണ്ടതില്ല. ആവശ്യമായ വിവരങ്ങൾ മാത്രം ക്യുആർ കോഡ് വഴി സുരക്ഷിതമായി പങ്കിടാൻ സാധിക്കും.
അതിനൊപ്പം ആധാർ ഓതന്റിക്കേഷൻ സംവിധാനവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മുൻപ് പ്രധാനമായും ഒടിപി അടിസ്ഥാനമാക്കിയ പരിശോധനയായിരുന്നു ഉണ്ടായിരുന്നത്. ഇനി ഒടിപിക്ക് പുറമെ ഫേസ് ഓതന്റിക്കേഷനും ക്യുആർ പരിശോധനയും ഉൾപ്പെടുന്ന മൾട്ടി-ലെയർ സുരക്ഷാ സംവിധാനം ലഭ്യമാകും. ഇതിലൂടെ വ്യാജ ഉപയോഗവും ഡാറ്റ ചോർച്ചയും കുറയ്ക്കാനാകുമെന്ന് യുഐഡിഎഐ അവകാശപ്പെടുന്നു. ഉപയോക്താക്കൾക്ക് അവരുടെ ബയോമെട്രിക് വിവരങ്ങളിൽ കൂടുതൽ നിയന്ത്രണവും ലഭിക്കും. വിരലടയാളം, മുഖം, ഐറിസ് തുടങ്ങിയ വിവരങ്ങൾ ആപ്പിൽ നിന്ന് തന്നെ ലോക്ക് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും.
പുതിയ ആപ്പ് ഉപയോഗിക്കാൻ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ വഴി ഔദ്യോഗിക ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യണം. തുടർന്ന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകി ഒടിപി പരിശോധന പൂർത്തിയാക്കണം. ചിലർക്കു ഫേസ് ഓതന്റിക്കേഷനും ആവശ്യമായേക്കാം. പിന്നീട് പിൻ നമ്പർ സജ്ജമാക്കി ആധാർ നമ്പർ ചേർത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഇതോടൊപ്പം മൈ ആധാർ പോർട്ടൽ വഴി സൗജന്യമായി ആധാർ രേഖകൾ പുതുക്കാനുള്ള അവസരം 2027 ജൂൺ 14 വരെ സർക്കാർ ദീർഘിപ്പിച്ചിട്ടുമുണ്ട്.






