കുവൈത്ത് സിറ്റി:കുവൈത്തിലെ ഷാബ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽ-ഷാബ് അൽ-ബഹ്‌രി പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിന്റെ അടുക്കളയിൽ വീട്ടുജോലിക്കാരി മരിച്ചുകിടക്കുന്നതായി ഒരു അറബ് പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഹവല്ലി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡിറ്റക്ടീവുകൾ, ഫോറൻസിക് വിദഗ്ധർ, കൊറോണർ, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ, ചൂടുവെള്ളം ശരീരത്തിൽ വീണതിനെ തുടർന്ന് പൊള്ളലേറ്റതായും ശരീരത്തിൽ ഒടിവുകളും ചതവുകളും ഉണ്ടായിരുന്നതായും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, വീട്ടുടമസ്ഥരായ ഭർത്താവിനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ വീട്ടുജോലിക്കാരിയും സ്‌പോൺസറുടെ ഭാര്യയും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നതായി വ്യക്തമായി. തന്റെ കുട്ടിയെ ആക്രമിച്ചുവെന്നാരോപിച്ച് വീട്ടുജോലിക്കാരിയെ ചെറിയ തോതിൽ മർദ്ദിച്ചതായും തുടർന്ന് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായും ഭാര്യ മൊഴി നൽകിയിട്ടുണ്ട്.




