ഷാര്‍ജ: നഗരത്തിലെ വ്യവസായ മേഖലയെ നടുക്കി ചൊവ്വാഴ്ച രാവിലെ വന്‍ അഗ്‌നിബാധ. സഫീര്‍ മാള്‍ നേരത്തേ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന് പുറകിലുള്ള സ്ഥലത്താണ് തീ ആളിപ്പടര്‍ന്നത്. അല്‍ഖാന്‍ പാലത്തിന് സമീപത്താണ് സംഭവം. തീപിടിത്തത്തില്‍ നിന്നുള്ള കറുത്ത പുക വളരെ ദൂരത്ത് നിന്നും ദ്യശ്യമായിരുന്നെന്ന് പ്രദേശവാസികള്‍ അറിയിച്ചു.
വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് സംഘം സംഭവ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുന്നതിനും മറ്റ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടങ്ങി. കനത്ത പുകയും ചൂടും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായെങ്കിലും തീയണയ്ക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ഡിഫന്‍സ് സംഘം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ല . ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്ന് അധികൃതര്‍അറിയിച്ചു.










