മംഗളൂരു: കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ മംഗളൂരുവിലെ കോളേജിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായി പരാതി. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് റാഗിംഗിന്റെ പേരിൽ രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നാണ് ആരോപണം.
ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഇരുവരും മലയാളികളാണ്. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.
ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചത് മലയാളി വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പാണ്ഡേശ്വർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ലോജിസ്റ്റിക്സ് വിഭാഗത്തിലെ ആറ് രണ്ടാം വർഷ വിദ്യാർത്ഥികൾക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുജ്ജാരകെരെയിലെ ചായക്കടയ്ക്ക് സമീപത്ത് വെച്ചാണ് മർദ്ദനം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.




