ഇംഫാൽ: സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂൽ ജില്ലയിൽ സ്ഥിതി നിയന്ത്രിക്കുന്നതിനായി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്ന സാഹചര്യമുണ്ടായാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
മണിക്കൂറുകൾ നീണ്ട സംഘർഷങ്ങൾക്ക് ശേഷം ഉഖ്രൂൽ പ്രദേശം ഇപ്പോൾ ശാന്തമാവുകയാണ്. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുക്കികളും നാഗകളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിലാണ് സംഘർഷം രൂക്ഷമായത്. ഇതിൽ ഇരുവിഭാഗങ്ങളുടേതായി അമ്പതോളം വീടുകൾക്ക് തീയിട്ടതായാണ് വിവരം.
അക്രമം നിയന്ത്രിക്കുന്നതിനായി ജില്ലയിൽ വൻതോതിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. നാഗാ ഭൂരിപക്ഷ ജില്ലയായ ഉഖ്രൂളിൽ കുക്കി–നാഗാ യുവാക്കൾ തമ്മിലുണ്ടായ ചെറിയ തർക്കമാണ് പിന്നീട് വ്യാപക അക്രമത്തിലേക്ക് വഴിമാറിയത്.




