ഭോപ്പാൽ: വിവാഹത്തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ മൊറേന സ്വദേശിനിയായ രാധ അഥവാ ദിക്ഷ മുഡ്ഗലിയെയാണ് പൊലീസ് പിടികൂടിയത്. ഗ്വാളിയോർ സ്വദേശി രത്തൻ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ജബൽപുരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന രത്തൻ ശർമയ്ക്ക് കുടുംബം ഏറെ നാളായി വധുവിനെ അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് അയൽവാസിയായ സോനു തിവാരി, മൊറേന സ്വദേശി അജയ് ചൗഹാനെ പരിചയപ്പെടുത്തിയത്. തന്റെ സഹോദരിയായ രാധയ്ക്ക് വിവാഹാലോചനയുണ്ടെന്ന് അജയ് ചൗഹാൻ രത്തൻ ശർമയുടെ കുടുംബത്തെ അറിയിക്കുകയും യുവതിയുടെ ചിത്രങ്ങൾ കൈമാറുകയും ചെയ്തു.
യുവതിയെ ഇഷ്ടപ്പെട്ടതിനെ തുടർന്ന് മെയ് ഏഴിന് വിവാഹം നടന്നു. വിവാഹത്തിനായി രത്തൻ ശർമ ഏകദേശം ഏഴ് ലക്ഷം രൂപ ചെലവഴിച്ചു. വിവാഹത്തിന് നേതൃത്വം നൽകിയതും അജയ് ചൗഹാനായിരുന്നു. തുടർന്ന് വധുവും വരനും ഗ്വാളിയോറിലെ വീട്ടിലെത്തി.
എന്നാൽ വിവാഹശേഷം യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ കുടുംബത്തിന് സംശയം ഉയർന്നു. യുവതി നിരന്തരം വാട്‌സാപ്പിൽ ചാറ്റ് ചെയ്യുന്നതും സംശയം ശക്തമാക്കി. തുടർന്ന് ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സഹോദരനെന്ന പേരിൽ വിവാഹം നടത്തിയ അജയ് ചൗഹാൻ യഥാർത്ഥത്തിൽ യുവതിയുടെ ഭർത്താവാണെന്ന് രത്തൻ ശർമയും കുടുംബവും മനസിലാക്കി.
ഇതോടെ രത്തൻ ശർമ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹത്തട്ടിപ്പിലൂടെ പണം തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ അജയ് ചൗഹാൻ ഉൾപ്പെടെ ആറുപേർ കൂടി പ്രതികളാണ്. അജയ് ചൗഹാനെ കസ്റ്റഡിയിലെടുത്തതായും മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.





