ന്യൂഡൽഹി: വിവാഹിതയായ മകൾക്കും ആശ്രിതനിയമനത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. വിവാഹിതയായതിനാൽ മാത്രം മകളെ “കുടുംബം” എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും, ഇത് സ്വേച്ഛാപരമായ നടപടിയാണെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് അലഹാബാദ് ഹൈക്കോടതിയിൽ നിന്നുള്ള കേസിൽ ഈ വിധി പ്രസ്താവിച്ചത്. സമാന വിഷയങ്ങളിൽ ബോംബെ, കർണാടക ഹൈക്കോടതികൾ സ്വീകരിച്ച നിലപാടിനോട് യോജിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം.
കേസിന്റെ പശ്ചാത്തലത്തിൽ, അമ്മയുടെ മരണത്തിന് പിന്നാലെ ന്യായവില ഷോപ്പിന്റെ ലൈസൻസ് ആവശ്യപ്പെട്ട് വിവാഹിതയായ മകൾ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമ്മയോടൊപ്പം ഷോപ്പ് നടത്തുന്നതിലും കുടുംബത്തെ പരിപാലിക്കുന്നതിലും താൻ സജീവമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ വിവാഹിതയാണെന്ന കാരണത്താൽ അപേക്ഷ നിരസിക്കപ്പെട്ടതാണ് കേസ്.
വിവാഹശേഷവും പരാതിക്കാരി അമ്മയോടൊപ്പം താമസിക്കുകയും, ഭിന്നശേഷിയുള്ള സഹോദരിയെ പരിപാലിക്കുകയും ചെയ്തതായി സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ വിവാഹിതയാണ് എന്ന കാരണത്താൽ മാത്രം അവകാശം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഇതിനിടെ, നാലാഴ്ചയ്ക്കകം പരാതിക്കാരിക്ക് ന്യായവില ഷോപ്പിന്റെ ലൈസൻസ് നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.






