ഇസ്ലാമാബാദ്: ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ (TLP) ആഹ്വാനം ചെയ്ത ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനമായ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇന്റര്‍നെറ്റ് താല്‍ക്കാലികമായി റദ്ദാക്കി.
ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്നില്‍ പാക് സര്‍ക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങുകയായിരുന്നുവെന്നും സംഘടന ആരോപിച്ചു.
വെള്ളിയാഴ്ച ഫൈസാബാദില്‍ നിന്ന് ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയിലേക്കുള്ള ഇസ്ലാമിക ഗ്രൂപ്പിന്റെ അഖ്സ മില്യണ്‍ മാര്‍ച്ചിന് മുന്നോടിയായി ഇരട്ട നഗരങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് നഗരങ്ങളിലെയും പ്രധാന സ്ഥലങ്ങളും റോഡുകളും അടയ്ക്കാനും അധികൃതര്‍ തീരുമാനിച്ചു. റാവല്‍പിണ്ടിയില്‍ കണ്ടെയ്നറുകളും ട്രെയിലറുകളും കസ്റ്റഡിയിലെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രശ്‌നമുണ്ടാകുകയാണെങ്കില്‍ റോഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഈ വാഹനങ്ങള്‍ ഉപയോഗിക്കും. ഇസ്ലാമാബാദില്‍, പ്രതിഷേധം മുന്‍കൂട്ടി കണ്ട് ഫൈസാബാദ് ജംഗ്ഷന് സമീപം കണ്ടെയ്നറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
തലസ്ഥാന പൊലീസ് പ്രാദേശിക ടിഎല്‍പി നേതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇതിനകം 280 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ രണ്ട് നഗരങ്ങളിലെയും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കാന്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
മറുവശത്ത്, ഗാസയിലെ പലസ്തീന്‍ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.






