മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ നടത്തിയ ശ്രമം അധികൃതർ പൊളിച്ചടുക്കി. 5.426 കിലോഗ്രാം കഞ്ചാവുമായി തായ്‌ലൻഡ് സ്വദേശിയായ യാത്രക്കാരനെയാണ് റോയൽ ഒമാൻ പൊലീസ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.
വിമാനത്താവളത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് യാത്രക്കാരന്റെ വ്യക്തിഗത ലഗേജിൽ അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആകെ 14 പൊതികളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കർശന പരിശോധനയിലാണ് കടത്ത് ശ്രമം പുറത്തായത്. പിടിയിലായ പ്രതിക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു.
മയക്കുമരുന്ന് കടത്ത് തടയുന്നതിനായി വിമാനത്താവളങ്ങളിലും അതിർത്തി പ്രദേശങ്ങളിലുമുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.






