എറണാകുളം: 8793 കോടി രൂപയുടെ ചിലവ് താങ്ങാൻ ശേഷിയുള്ള ഒരു ഖജനാവിനെ നോക്കി മിസ്റ്റർ ചീഫ് മിനിസ്റ്റർ താങ്കൾക്ക് എങ്ങനെയാണ് പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുകയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ എ റഹീം. “മിസ്റ്റർ ചീഫ് മിനിസ്റ്റർ ഇനി ഈ കള്ളം പറയരുത്, ഇതാ വിവരാവകാശ രേഖ” എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
റിസർവ് ബാങ്കിന്റെ 2026 മെയ് 1-ലെ ഔദ്യോഗിക ‘Daily Position’ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് എ എ റഹീം വിശദീകരണം നൽകിയത്. റിപ്പോർട്ടുപ്രകാരം, യൂണിയൻ സർക്കാരിന്റെ ട്രഷറി ബില്ലുകളിൽ കേരളത്തിന് 5,429.01 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സംസ്ഥാന ട്രഷറിയിലെ മിനിമം ബാലൻസിന് മുകളിലുള്ള തുക ആർബിഐ വഴി കേന്ദ്ര ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്ന പതിവ് സാമ്പത്തിക ക്രമീകരണത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
മെയ് ഒന്നിന് മാത്രം 165.19 കോടി രൂപ ഇത്തരത്തിൽ നിക്ഷേപിച്ചുവെന്നും മുൻ ദിവസങ്ങളിലെ തുകയുൾപ്പെടെയാണ് 5429 കോടി രൂപയായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ മാസത്തിലെ വലിയ ചെലവുകൾക്കു ശേഷവും, മെയ് മാസത്തിലെ ശമ്പള-പെൻഷൻ വിതരണം ആരംഭിക്കുന്നതിന് മുൻപ് സംസ്ഥാനത്തിന് ആവശ്യമായ പണലഭ്യത ഉറപ്പാക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
ഇതിനുപുറമേ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാകുന്ന സ്പെഷ്യൽ ഡ്രോയിംഗ് ഫെസിലിറ്റി ഇനത്തിൽ 3363 കോടി രൂപയുടെ ക്രെഡിറ്റ് പരിധിയും സംസ്ഥാനത്തിന് ലഭ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതെല്ലാം കൃത്യമായ സാമ്പത്തിക ആസൂത്രണവും ഫണ്ട് മാനേജ്‌മെന്റും സംസ്ഥാന സർക്കാർ നടപ്പാക്കിയതിന്റെ തെളിവാണെന്നും എ എ റഹീം കൂട്ടിച്ചേർത്തു.






