കൊച്ചി: താരസംഘടനയിലെ മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണം പൂർത്തിയായതായി അമ്മയുടെ ഭാരവാഹികളായ ശ്വേത മേനോനും ജോയ് മാത്യുവും അറിയിച്ചു. അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സംഘടനയുടെ ലോക്കറിലേക്ക് മാറ്റുമെന്ന് അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കുക്കു പരമേശ്വരൻ കുറ്റക്കാരിയാണെന്ന് സംഘടന കരുതുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. വനിതാ അംഗങ്ങളുടെ യോഗം നടന്നതും അത് റെക്കോർഡ് ചെയ്തതുമാണ് വസ്തുത. എന്നാൽ ആ മെമ്മറി കാർഡ് കെപിഎസി ലളിതയ്ക്ക് കൈമാറിയതാണെന്നും ഇത് 2018ൽ നടന്ന സംഭവമാണെന്നും അവർ വ്യക്തമാക്കി.
2025ലെ സംഘടനാ തിരഞ്ഞെടുപ്പ് വരെയായി ഈ മെമ്മറി കാർഡ് ഒരു വിവാദവിഷയമായിരുന്നില്ലെന്നും, ആ മെമ്മറി കാർഡ് ഇതുവരെ ആരും കണ്ടിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. തുടർ നിയമനടപടികൾ വേണമെങ്കിൽ അംഗങ്ങൾക്ക് നിയമപരമായി മുന്നോട്ട് പോകാമെന്നും അറിയിച്ചു.
അതേസമയം, ദിലീപ് സംഘടനയിൽ അംഗത്വം നേടണമെങ്കിൽ ആദ്യം അപേക്ഷ നൽകണമെന്നും, നിലവിൽ ദിലീപ് അമ്മയുടെ അംഗമല്ലെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.




