ഗ്രൂപ്പ് ജെയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന. ഓസ്ട്രിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീനയ്ക്കായി ഇരുഗോളുകളും നേടിയത് സൂപ്പർ താരം ലയണൽ മെസിയാണ്.
38-ാം മിനിറ്റിൽ മെദീന നൽകിയ അസിസ്റ്റ് ഗോളാക്കി മാറ്റിയാണ് മെസി സ്കോറിങ് തുടങ്ങിയത്. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളുടെ സർവകാല റെക്കോർഡ് മെസി മറികടന്നു. ഓസ്ട്രിയക്കെതിരായ ആദ്യ ഗോൾ ലോകകപ്പിൽ മെസിയുടെ 17-ാം ഗോളായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ മെസി വീണ്ടും ലക്ഷ്യം കണ്ടതോടെ അർജന്റീനയുടെ ജയം ഉറപ്പായി. ഇതോടെ ലോകകപ്പിൽ മെസിയുടെ ആകെ ഗോൾ നേട്ടം 18 ആയി ഉയർന്നു.
തുടർച്ചയായ രണ്ടാം ജയത്തോടെ അർജന്റീന റൗണ്ട് ഓഫ് 32 പ്രവേശനം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീനയ്ക്കായി അന്നും ഹാട്രിക് നേട്ടവുമായി തിളങ്ങിയത് മെസിയായിരുന്നു.






