ആലപ്പുഴ: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ മർദ്ദനക്കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് തിരുത്തിയതായി എസ്ഐടി വ്യക്തമാക്കുന്നു. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടിൽ പറയുന്നു. എസ്ഐടി തലവൻ ഷൗക്കത്തലി സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി.
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികൾ ഉൾപ്പെടെ രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരം റിപ്പോർട്ട് തിരുത്തിയതാണെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.
2024ൽ കേസിന്റെ ഡയറിയും അന്തിമ റിപ്പോർട്ടും തിരുത്തി കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. അജിത് കുമാർ തന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയതായും മൊഴികളിൽ പറയുന്നു.
ചൂരൽമല ഉരുൾപൊട്ടലിന് പിന്നാലെയുള്ള സമയത്താണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചതെന്നും, മാധ്യമങ്ങളിൽ വാർത്തയാകില്ലെന്ന് പറഞ്ഞ് റിപ്പോർട്ട് തിരുത്താൻ നിർദേശം നൽകിയതായും മൊഴിയുണ്ട്. ഒരു എസ്ഐ മോശമായി പെരുമാറിയതായി മൊഴി നൽകിയതും, തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി അദ്ദേഹം വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ രേഖകളും എസ്ഐടി സമർപ്പിച്ചിട്ടുണ്ട്.






