കൊച്ചി: മാട്രിമോണിയൽ സൈറ്റുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിക്കാമെന്നും ബിസിനസ് പങ്കാളികളാക്കാമെന്നും വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ആലുവ എടത്തല സ്വദേശിനിയായ ഷംല ഷമീർ (29) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെ വിവിധ ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ടുകളും ഗൂഗിൾ പേയും വഴി പണം കൈപ്പറ്റിയെന്നാണ് കേസ്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് യുവാവ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഓടക്കാലിയിലെ വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ തുടങ്ങിയ പ്രദേശങ്ങളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന യുവാക്കളോട് ആദ്യം ചെറിയ തുകകൾ ആവശ്യപ്പെടുകയും പിന്നീട് വിവാഹവും ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്ത് കൂടുതൽ പണം വാങ്ങുകയുമായിരുന്നു പതിവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
എറണാകുളത്തെ ഒരു മാളിലേക്ക് കാരിബാഗുകൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡർ ലഭ്യമാക്കാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര ജീവിതത്തിനായാണ് ചെലവഴിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിവാഹിതയായ പ്രതി കൂടുതൽ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.






