തിരുവനന്തപുരം: അഴിമതി ആരോപണങ്ങളെ തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടു. നിലവിൽ യൂണിയനിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. മിൽമ ഡെപ്യൂട്ടി ഡയറക്ടർ ഷിംല ഉണ്ണികൃഷ്ണനെയാണ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. യൂണിയനെതിരായ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്താനും സർക്കാർ നിർദേശം നൽകി.
വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് അറിയിച്ചു. ഇതുവരെ എൽഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്. മിൽമ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി.


