ടെഹ്റാൻ: ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മരണസംഖ്യ കൂടുന്നു. ഇറാനിലെ ഒരു എലമെന്ററി സ്കൂളിൽ നടന്ന ആക്രമണത്തിൽ 40 കുട്ടികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ വരുന്നു. എല്ലാവരും കൊച്ചു പെൺകുട്ടികളാണെന്നാണ് വാർത്ത. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മിനാബിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. 45 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇറാന്റെ അർധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡിന് മിനാബ് നഗരത്തിൽ താവളമുണ്ട്. ഇവിടം ലക്ഷ്യം വച്ചായിരുന്നു മിസൈൽ വന്നതെന്നാണ് നിഗമനം.
അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ തകർന്ന സ്കൂളിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. എങ്ങും നിലവിളിയാണ് ഈ പ്രദേശങ്ങളിൽ നിന്നെല്ലാം ഉയരുന്നത്. കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയതെന്ന് ഇറാൻ വിമർശിച്ചു. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി.






