മുംബൈ: പുണെയിലെ ലൊഹാഗഡ് കോട്ടയിൽ നിന്ന് യുവവ്യവസായി കേതൻ അഗർവാളിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പ്രതിശ്രുതവധു സിയയും ആൺസുഹൃത്ത് ചേതനും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, കോട്ടയിൽ നിന്ന് തള്ളിയിടുന്നതിന് മുമ്പ് കേതനെ ആക്രമിക്കാനും കൊലപ്പെടുത്താനും നിരവധി മാർഗങ്ങൾ ഇരുവരും ആലോചിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പുണെ റൂറൽ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, കേതനെ ആക്രമിക്കാൻ മൂന്നാമതൊരാളെ വാടകയ്‌ക്കെടുക്കുന്നതും ഇരുവരും പരിഗണിച്ചിരുന്നു. കയ്യും കാലും ഒടിക്കുക, വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുക തുടങ്ങിയ സാധ്യതകളും ചർച്ച ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.
കൊലപാതകം ആസൂത്രണം ചെയ്യുന്നതിനിടെ ഒരാളെ എങ്ങനെ കൊല്ലാം എന്നതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഇരുവരും കണ്ടതായും കുറ്റകൃത്യം നടത്തിയ ശേഷം പിടിയിലാകാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച നടത്തിയതായും പൊലീസ് കണ്ടെത്തി.
ജൂൺ 18-നാണ് 26-കാരനായ കേതൻ അഗർവാളിനെ സിയയും ചേതനും ചേർന്ന് ലൊഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ആദ്യം അപകടമരണമെന്നാണ് കരുതിയിരുന്നതെങ്കിലും തുടർ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
അറസ്റ്റിലായ സിയയും ചേതനും നിലവിൽ യേർവാദ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




