മുംബൈ: ശനിയാഴ്ച മുംബൈയിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും പല റോഡുകളും തകരുകയും ചെയ്തതോടെ ജനജീവിതം വലിയ രീതിയിൽ ബാധിച്ചു.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടൊപ്പം മരങ്ങൾ കടപുഴകി വീണ് ചില വീടുകൾക്ക് നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. റോഡ്, റെയിൽ ഗതാഗതം താറുമാറായിട്ടുണ്ട്. 12 മണിക്കൂറിനുള്ളിൽ വിവിധ പ്രദേശങ്ങളിൽ ഏകദേശം 200 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
താനെ, പാൽഘർ, നവി മുംബൈ എന്നിവിടങ്ങളിലാണ് മഴ കൂടുതൽ ബാധിച്ചത്. പൂനെയിൽ മണ്ണിടിച്ചിലുണ്ടായതായും വിവരം ലഭിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
നൽസോപാറ, വിരാർ സ്റ്റേഷനുകളിൽ റെയിൽ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ട്രെയിനുകൾ 15 മുതൽ 20 മിനിറ്റ് വരെ വൈകിയാകും സർവീസ് നടത്തുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
മഴ സാഹചര്യം കണക്കിലെടുത്ത് വെള്ളക്കെട്ടുള്ള റോഡുകളിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. സാഹചര്യം നിയന്ത്രിക്കാൻ പതിനായിരത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




