വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയും ലഭ്യമാക്കി. വയനാട്ടിലെ എൽസ്റ്റൺ എസ്റ്റേറ്റ് പ്രദേശത്താണ് ടൗൺഷിപ്പ് ഒരുക്കുന്നത്. 4-ാം സോണിൽ 9.5 ലക്ഷം ലീറ്റർ ശേഷിയുള്ള ജലസംഭരണി കമ്മിഷൻ ചെയ്തു. ഇതോടെ വീടുകളിലെ കുടിവെള്ള ടാങ്കുകളിൽ വെള്ളം നിറച്ച് വിതരണം ആരംഭിച്ചു.
വൈദ്യുതി ലഭ്യതയ്ക്കായി 315 കിലോവാട്ട് ശേഷിയുള്ള രണ്ട് ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് 11 കെവി ലൈനുകൾ ഭൂഗർഭ ശൃംഖലയിലേക്ക് ബന്ധിപ്പിച്ചു. കൂടാതെ 110 കിലോവാട്ട് സബ്സ്റ്റേഷന്റെ നിർമ്മാണവും പുരോഗമിക്കുന്നു. ഓരോ വീടിലും 2 കിലോവാട്ട് സോളാർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മലിനജലം ശുദ്ധീകരിക്കുന്നതിനായി 10 ബയോ സെവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഒരുക്കുന്നുണ്ട്. ഇതിൽ ആദ്യഘട്ട വീടുകൾക്കായി 6 എണ്ണം പൂർത്തിയായി. വീടുകളുടെ ഗുണനിലവാര പരിശോധനയും അവസാനഘട്ടത്തിലാണ്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കിഫ്കോണും ചേർന്നാണ് പരിശോധനകൾ നടത്തുന്നത്. അടുത്ത ദിവസങ്ങളിൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി അന്തിമ പരിശോധന പൂർത്തിയാക്കും. വീടുകളുടെ ടെറസിൽ വാട്ടർപ്രൂഫിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധനകളും പൂർത്തിയായി. ടൗൺഷിപ്പിൽ 300-ലധികം വീടുകളുടെ നിർമാണം ഇതിനകം പ്രധാന ഘട്ടത്തിലെത്തിയിട്ടുണ്ട്. 11.72 കിലോമീറ്റർ നീളമുള്ള റോഡ് നിർമാണവും അവസാന ഘട്ടത്തിലാണ്.




