തിരുവനന്തപുരം: വെടിവച്ചാം കൊവിലിലെ 17-കാരൻ ശിവസൂര്യയുടെ കൊലപാതകത്തിന് പിന്നിൽ പ്രദേശത്തെ ടര്‍ഫിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. ഒരു വര്‍ഷം മുന്‍പ് ഫുട്ബോള്‍ കളിക്കിടെ രണ്ട് സംഘം തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അന്ന് ഇരുകൂട്ടരും തമ്മില്‍ സംസാരിച്ച് പ്രശ്നം പരിഹരിച്ചു. പക്ഷേ, ഇരു സംഘങ്ങളും പക വെച്ചുപുലര്ത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം എതിര് സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചു നോക്കിയത് പ്രകോപനമുണ്ടാക്കി. തുടര്‍ന്ന് സംഘമായി എത്തിയ അഞ്ച് ആളുകളാണ് യുവാവിനെ ആക്രമിച്ചത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ യുവാവിനെ ബൈക്കില്‍ കൊണ്ടുപോകുന്നതും, ചോരയില്‍ കുളിച്ച അവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് പ്രതികള്‍ ബൈക്കില്‍ യുവാവിനെ നടുവിലായി ഇരുത്തുന്നതും, ഇയാള്‍ ബോധരഹിതനായി നിലത്ത് വീഴുകയും, വഴിയരികില്‍ കിടക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും ലഭ്യമാണ്.
മറ്റ് പ്രതികളെ കണ്ടെത്താനും സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വ്യക്തമാക്കാനും പോലീസ് അന്വേഷണം തുടരുകയാണ്.






