പത്തനംതിട്ട: ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ മുൻവശത്ത് നിയമവിരുദ്ധമായി അധിക ലൈറ്റുകൾ ഘടിപ്പിച്ചതിനും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനുമാണ് നടപടി.
പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. നിയമവിരുദ്ധ ലൈറ്റുകൾ ഘടിപ്പിച്ചതിന് 5,000 രൂപയും പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2,000 രൂപയുമാണ് ആകെ 7,000 രൂപ പിഴ ഈടാക്കിയത്.
വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങാനായി പോകുന്നതിനിടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്. അതേസമയം, നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും പിഴ അടയ്ക്കാൻ തയ്യാറാണെന്നും വാഹനവുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചു.
എന്നാൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്നത് നിരാശപ്പെടുത്തിയെന്നും അവർ പറഞ്ഞു. വാഹനത്തിന്റെ മുൻവശത്ത് ഘടിപ്പിച്ചിരുന്ന രണ്ട് ലൈറ്റുകളും പ്രവർത്തനക്ഷമമല്ലെന്നും വെറും അലങ്കാരത്തിനായാണ് ഘടിപ്പിച്ചിരുന്നതെന്നും അവകാശപ്പെട്ടു.
അടുത്തിടെ കോഴഞ്ചേരിയിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഓഫ് റോഡ് വാഹനങ്ങളുടെ സേവനം മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. പ്രളയബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചിരുന്നു.




