തൃശ്ശൂർ: കേന്ദ്രസർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ന് ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കുന്നംകുളം മേഖലയിൽ പൂർണ്ണമായിരുന്നു.
കുന്നംകുളം നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുകളും മെഡിക്കൽ ലാബുകളും മാത്രമാണ് പ്രവർത്തിച്ചത്. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുത്ത് സർവീസിൽ നിന്നും വിട്ടുനിന്നു.
ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.പോലീസ് നേതൃത്വത്തിൽ നഗരത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. എവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കുന്നംകുളം ടൗണിൽ പ്രകടനവും നടന്നു.




