മാനന്തവാടി: നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയശേഷം റോഡരികിൽ ഉപേക്ഷിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുപ്പാടിത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി വീട്ടിൽ സി. ജിഹാസി(25)നെയാണ് കോഴിക്കോട്ടുവെച്ച് പിടികൂടിയത്.
സംഭവത്തിനുശേഷം ജില്ല വിട്ടുപോയ ജിഹാസിനായി പോലീസ് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇയാൾ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെയാണ് ചൊവ്വാഴ്ച രാത്രി 12-ഓടെ കസ്റ്റഡിയിലെടുത്തത്. ദ്വാരക പുലിക്കാട് സ്വദേശിയായ നാലുവയസ്സുകാരിയെയാണ് ശനിയാഴ്ച രാത്രി ജിഹാസ് തട്ടിക്കൊണ്ടുപോയത്. വീട്ടിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ മാറിയുള്ള തരുവണ പാലിയാണയിലാണ് രണ്ടുമണിക്കൂറിനുശേഷം കുട്ടിയെ കണ്ടെത്തിയത്.




