ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് എൻടിഎയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ചോദ്യപേപ്പർ ചോർച്ച എങ്ങനെ സംഭവിച്ചുവെന്നും എന്തുകൊണ്ടാണ് തുടർച്ചയായി വീഴ്ചകൾ ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു. യുവാക്കളെ നിരാശരാക്കരുതെന്നും, വർഷങ്ങളായുള്ള വിദ്യാർത്ഥികളുടെ കഠിനാധ്വാനമാണ് പരീക്ഷയിലൂടെ പ്രതിഫലിക്കുന്നതെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ അഭിപ്രായപ്പെട്ടു.
യു.പി.എസ്.സി ഉൾപ്പെടെ വിശ്വസനീയമായി പരീക്ഷകൾ നടത്തുന്നതിൽ മാതൃകാപരമായ സ്ഥാപനങ്ങളിൽ നിന്ന് എൻടിഎ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് കോടതി നിർദ്ദേശിച്ചു. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ ഗൗരവമായി കാണണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഉന്നതാധികാര സമിതിയുടെ ശുപാർശകളിൽ ഭൂരിഭാഗവും ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്ന് എൻടിഎ ചെയർമാൻ കെ. രാധാകൃഷ്ണൻ നേരിട്ട് ഹാജരായി കോടതിയെ അറിയിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യുവാക്കളെ സംബന്ധിച്ചുള്ള സർക്കാർ ആശങ്ക ശക്തമാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു.
പരീക്ഷയുടെ തുടർനടത്തിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആറാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ എൻടിഎയോടും കേന്ദ്ര സർക്കാരിനോടും സുപ്രീം കോടതി നിർദ്ദേശം നൽകി.






