കൊച്ചി: എറണാകുളം തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആന നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞത് ഓല ഇടത്തൊണ്ടയിൽ കുടുങ്ങിയുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന് എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കുളിപ്പിച്ച ശേഷം കൊണ്ടുവന്നു കെട്ടിയ ആന സമീപത്തു കിടന്ന ഓല എടുത്തു വിഴുങ്ങിയത് ശ്വാസനാളത്തിലേക്ക് കയറിപ്പോവുകയായിരുന്നു. ഇന്ന് മലയാറ്റൂരിൽ നടന്ന പോസ്റ്റ്‍മോർട്ടത്തിൽ ശ്വാസനാളത്തിനും അന്നനാളത്തിനും ഇടയ്ക്കുള്ള ഭാഗത്തു നിന്ന് ഉരുണ്ട രൂപത്തിൽ ഓല കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിനു ശേഷം നെല്യക്കാട്ട് മഹാദേവനെ മലയാറ്റൂർ ഇല്ലിത്തോടിൽ സംസ്കരിച്ചു.
കൂത്താട്ടുകുളം നെല്യക്കാട്ട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മഹാദേവനെ ഡിസംബർ 29നാണ് എഴുന്നള്ളത്തിനായി ക്ഷേത്രത്തിൽ കൊണ്ടുവന്നത്. തുടർന്നുള്ള ദിവസങ്ങളിൽ നടന്ന എഴുന്നള്ളിപ്പിൽ മഹാദേവൻ പങ്കെടുക്കുകയും ചെയ്തിരുന്നു. മഹോത്സവമായ ഇന്നലെ എഴുന്നള്ളത്തിനായി രാവിലെ കുളിപ്പിച്ച ശേഷം ആനയെ കൊണ്ടുവരുന്നതിന് ഇടയിലാണ് ഓല കഴിച്ചത് എന്നാണ് നിഗമനം. തുടർന്ന് ആന ഛർദിക്കുകയും അസ്വസ്ഥത പ്രകടിപ്പിച്ച ആന, പാപ്പാൻ അനൂപിനെ പോലും സമീപത്തേക്ക് അടുപ്പിച്ചില്ല. തുടർന്ന് ഉടമ അടക്കം സ്ഥലത്തെത്തുകയും മഹാദേവനെ അടുത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റിക്കെട്ടുകയും ചെയ്തു.




