കോഴിക്കോട്: രാജ്യത്ത് വാടക വീടുകൾക്ക് ആവശ്യക്കാർ വർധിക്കുകയും പല പ്രദേശങ്ങളിലും വാടകയും അഡ്വാൻസും ഏകീകൃതമല്ലാത്ത നിരക്കുകളിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മോഡൽ ടെനൻസി ആക്ടിനെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ പുതിയ വാടക നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്.
ഈ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കരണം സെക്യൂരിറ്റി ഡെപ്പോസിറ്റിന് പരിധി നിശ്ചയിച്ചതാണ്. റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് പരമാവധി രണ്ട് മാസത്തെ വാടകയും ഗ്രാമപ്രദേശങ്ങളിൽ ഒരു മാസത്തെ വാടകയും മാത്രമേ അഡ്വാൻസായി സ്വീകരിക്കാവൂ. ഇപ്പോൾ പല നഗരങ്ങളിലും പതിവായി 6 മുതൽ 10 മാസം വരെ അഡ്വാൻസ് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, പുതിയ വ്യവസ്ഥ വാടകക്കാർക്ക് വലിയ ആശ്വാസമായി മാറുന്നു.
നോൺ-റെസിഡൻഷ്യൽ ഇടങ്ങളിൽ അഡ്വാൻസ് ആറ് മാസത്തെ വാടകയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കരാർ ഒപ്പുവെച്ചതിനു ശേഷം രണ്ട് മാസത്തിനുള്ളിൽ രജിസ്റ്റർ നിർബന്ധമാക്കുകയും രജിസ്‌ട്രേഷൻ നടന്നില്ലെങ്കിൽ ₹5,000 പിഴ ചുമത്തുകയും ചെയ്യും.
വാടക തുക, അഡ്വാൻസ്, വാടക വർധനവ് എന്നിവ കരാറിൽ വ്യക്തമായി രേഖപ്പെടുത്തണം. വാടക വർധിപ്പിക്കുന്നതിന് കുറഞ്ഞത് 90 ദിവസം മുൻകൂർ രേഖാമൂലമായ നോട്ടീസ് നൽകണമെന്ന് നിയമം നിർദ്ദേശിക്കുന്നു. വാടകക്കാരോട് പെട്ടെന്ന് വീടൊഴിയണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നും വാടക സംബന്ധമായ തർക്കങ്ങൾ 60 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. അറ്റകുറ്റപ്പണികളിൽ ചെറിയ റിപെയറുകൾ വാടകക്കാരുടെയും വലിയ ഘടനാപരമായ അറ്റകുറ്റപ്പണികൾ വീട്ടുടമയുടെ ഉത്തരവാദിത്വമാണെന്നും പുതിയ നിയമം പറയുന്നു. എല്ലാ കരാറുകളും സ്റ്റേറ്റ് രജിസ്‌ട്രേഷൻ പോർട്ടലുകളിലൂടെയോ പ്രൈമറി രജിസ്‌ട്രേഷൻ ഓഫീസുകളിലൂടെയോ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.






