യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് തന്നെയാണ് സർക്കാരിന്റെ നയപ്രഖ്യാപനത്തിലും വ്യക്തമാക്കുന്നത്. എല്ലാം വളരെ വിശാലമായതും ജനകീയമായതും കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടുള്ളതുമായ ദീർഘവീക്ഷണം നിറഞ്ഞ പദ്ധതികൾ തന്നെയാണെന്നതിൽ തർക്കമില്ല. എന്നാൽ ഈ സർക്കാരിന് മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. ഖജനാവ് പൂച്ച പെറ്റ് കിടക്കുന്നതല്ല എന്ന് തെളിഞ്ഞെങ്കിലും അത്ര സമ്പന്നവുമല്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടേ തീരു. അങ്ങനെ നോക്കുമ്പോൾ ഈ പ്രഖ്യാപനങ്ങളിൽ എന്തിനൊക്കെ മുൻഗണന നൽകുമെന്നും എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിനു ശേഷം ‘ചോർന്ന’ 20,000 കോടി രൂപ തിരിച്ചുപിടിക്കുന്നതു മുതൽ കൂടുതൽ വരുമാനം കണ്ടെത്താനുള്ള വഴികളും സതീശൻ സർക്കാർ കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടാകും ആദ്യ ബജറ്റ് അണിയറയിൽ ഒരുങ്ങുന്നത്.
ഇന്ദിര ഗാരന്റികളിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയും വയോജന വകുപ്പും ഇതിനകം പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, 3000 രൂപ ക്ഷേമപെൻഷൻ, യുവാക്കളുടെ പുതുസംരംഭങ്ങൾക്ക് 5 ലക്ഷത്തിന്റെ പലിശരഹിത വായ്പ, കോളജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ എന്നിവയും നടപ്പാക്കാനുണ്ട്. നയപ്രഖ്യാപനത്തിലും പരാമർശിക്കപ്പെട്ട ഇവയുടെ പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കും.
റോഡിലൂടെയുള്ള ചരക്കുഗതാഗതത്തിന്റെ 70% കടലിലൂടെ നടത്താൻ 15 തുറമുഖങ്ങളെ ബന്ധപ്പെടുത്തിയുള്ള മിഷൻ സമുദ്രയും ബജറ്റിലൂടെ യാഥാർത്ഥ്യമായേക്കും. വരുമാനം കണ്ടെത്താനുള്ള മറ്റു പദ്ധതികളും വ്യക്തമാക്കേണ്ടതുണ്ട് എന്നതാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ മുന്നിലെ പ്രധാന വെല്ലുവിളി. കഴിഞ്ഞ ബജറ്റ് അവതരണ സമയത്തു പ്രതീക്ഷിച്ച 20,000 കോടി രൂപ കേരളത്തിനു നഷ്ടമായെന്ന് പറയുമ്പോൾ അതിനെ മറികടക്കാനുള്ള മറ്റൊരു വഴി കണ്ടെത്തേണ്ടതുണ്ട്.
15ാം ധനകാര്യ കമ്മിഷൻ റവന്യു കമ്മി ഗ്രാന്റ് ഇനത്തിൽ 4 വർഷങ്ങളിലായി കേരളത്തിന് 55,000 കോടി രൂപ അനുവദിച്ചു. അതിനാൽ 16ാം ധനകാര്യ കമ്മിഷൻ ആദ്യ ഗഡുവായി 14,000 കോടി രൂപ അനുവദിക്കുമെന്നാണു പിണറായി സർക്കാർ പ്രതീക്ഷിച്ചത്. നികുതി വിഹിതമായി കേന്ദ്രത്തിൽനിന്ന് 42,000 കോടി രൂപ ലഭിക്കുമെന്നും അന്നത്തെ മന്ത്രി കെ.എൻ.ബാലഗോപാൽ കണക്കുകൂട്ടി. ഇതൊക്കെ മുന്നിൽകണ്ടു ബജറ്റ് പദ്ധതികൾ പ്രഖ്യാപിച്ചു. പക്ഷേ, ധനകാര്യ കമ്മിഷൻ ഗ്രാന്റ് അനുവദിച്ചില്ല. നികുതി വിഹിതമായി ലഭിച്ചതാകട്ടെ 36,555 കോടി രൂപ. രണ്ട് ഇനങ്ങളിലുമായി 20,000 കോടി രൂപ കുറഞ്ഞു. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ഇത് ഒരു ഇരുട്ടടിയായിരുന്നു.
ഇനിയും ഈ പിഴവ് ആവർത്തിച്ചുകൂടാ. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ സതീശൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കുമെന്ന് ബജറ്റിലൂടെ വ്യക്തമാകും. സംയോജിത ചരക്ക് സേവന നികുതി(ഐജിഎസ്ടി) വഴി 25,000 കോടി രൂപ ചോരുന്നുണ്ടെന്നു പലവട്ടം അന്നത്തെ പ്രതിപക്ഷ നേതാവ് സതീശൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. അതു നേടിയെടുക്കാൻ ചരക്ക് സേവന നികുതി വകുപ്പ് സംസ്ഥാന ഓഫിസിന്റെ പ്രവർത്തനം പരിഷ്കരിക്കും. ചോർച്ച കണ്ടെത്താനും അടയ്ക്കാനും വിദഗ്ധസംഘത്തെ നിയോഗിക്കുന്നതിനും തീരുമാനം ഉണ്ടാകാം.
സംസ്ഥാനത്ത് വർഷം 1.25 ലക്ഷം കോടി രൂപയുടെ സ്വർണക്കച്ചവടം നടക്കുമ്പോൾ 600 കോടി രൂപയാണു നികുതിയായി ലഭിക്കുന്നത്. ഈ ഇനത്തിൽ 3000 കോടി രൂപയെങ്കിലും നികുതി ലഭിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷത്തിരുന്നപ്പോൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്വർണനികുതി വർധിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ജൂൺ 19ന് നടക്കുമെന്ന് തന്നെയാണ് ഒടുവിലെ വിവരം. ഇതിനു തടസ്സം വന്നാൽ 23ന് ആയിരിക്കും ബജറ്റ്. നയപ്രഖ്യാപനം കഴിഞ്ഞു. ഇനി സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രമാണ് വരേണ്ടത്. അതിനിടെ മറ്റൊരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. ജൂൺ 19ന് നടക്കാൻ പോകുന്ന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് വിസ്മയമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാവില്ല. ഒരു പുതിയ കേരളമുണ്ടാക്കണം. കേരള സെക്രട്ടറിയേറ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സെക്രട്ടറിയേറ്റാക്കി മാറ്റണം. ഡാറ്റാ ഡ്രിവൺ ഭരണമുണ്ടാവണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റം വരുത്തും. ആൾക്കൂട്ടത്തെ കാണേണ്ട സമയം കാണും. പരമാവധി ദിവസം താൻ തലസ്ഥാനത്തുണ്ടാവും. എല്ലാ ഫയലും അതാത് ദിവസം തീർക്കാൻ ശ്രമിക്കണം. സിസ്റ്റമിക് ആയാൽ ജോലി ഭാരം കുറയും എന്നെല്ലാം യാഥാർത്ഥ്യബോധത്തോടെ അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.
മുഖ്യമന്ത്രിയോട് ഒരു അപേക്ഷ കൂടിയുണ്ട്, വിസ്മയം സർക്കാർ ജീവനക്കാർക്ക് മാത്രം പോര, ഈ നാട്ടിലെ സാധാരണക്കാരും അതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. നിങ്ങൾക്ക് വോട്ട് ചെയ്തവരിൽ ഓട്ടോ ഓടിക്കുന്നവർ മുതൽ വഴിയോര കച്ചവടക്കാർ വരെയുണ്ട്. ഇന്ധന വില മൂലം ജീവിതച്ചിലവ് കുതിച്ചുയരുമ്പോൾ സർക്കാർ ജീവനക്കാരല്ലാത്തവരേയും ചേർത്ത് പിടിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്ന് ഓർമിപ്പിക്കുന്നു.
ജൂൺ ഒന്നു മുതൽ 3 വരെ നിയമസഭയിൽ ചർച്ച നടക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രം 3ന് സഭയിൽ വച്ചേക്കും. ഇതിലെ വിശദാംശങ്ങളെക്കുറിച്ചു ജനകീയ ചർച്ചയ്ക്കു സമയം നൽകിയശേഷം ബജറ്റ് കൊണ്ടുവരുന്നതാണ് ഉചിതമെന്നാണു സർക്കാരിന്റെ കാഴ്ചപ്പാട്. ഈ സമയത്തിനുള്ളിൽ ബജറ്റ് തയാറാക്കുന്ന ജോലികൾ സതീശൻ പൂർത്തിയാക്കും. ഡൽഹിയിലും കേരളത്തിലുമായി തിരക്കിട്ട് ഓടുന്ന മുഖ്യമന്ത്രിക്ക് ഇതിനെല്ലാം വേണ്ട സമയം കിട്ടുമോ എന്നതാണ് ആശങ്ക.






