തിരുവനന്തപുരം: മന്ത്രിമാർ എടുക്കാൻ മടി കാണിച്ചിരുന്ന 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷാജി എത്തിയിരുന്നത് താത്കാലിമായി അനുവദിച്ച ഒമ്പതാം നമ്പർ കാറിലായിരുന്നു. ഒമ്പതാം നമ്പർ നമുക്ക് വേണ്ടെന്ന് പ്രവർത്തകർ പറയുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഷാജിക്ക് നൽകിയ 9-ാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കെ.എം.ഷാജി 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയത്.
അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം 13-ാം നമ്പറിനെ ചുറ്റിപറ്റി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തിങ്കളാഴ്ച പുതിയ മന്ത്രിസഭ അധികാരമേറ്റ് വാഹനങ്ങൾക്കെല്ലാം നമ്പർ ആയെങ്കിലും 13-ാം നമ്പർ കാർ ആവശ്യപ്പെട്ടിരുന്നില്ല. മുൻപ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പതിമൂന്നാം നമ്പർ കാർ ഒഴിവാക്കിയിട്ടുണ്ട്. യുഡിഫ് സർക്കാർ അധികാരത്തിലെത്തുന്ന സമയങ്ങളിൽ പതിമൂന്നാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ഒക്കെ ചർച്ചയാകാറുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് പതിമൂന്നാം നമ്പർ കാറാണ് ഉപയോഗിച്ചിരുന്നത്.






