മസ്കത്ത്: അസ്ഥിര കാലാവസ്ഥയും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ, ജലനിരപ്പ് സംഭരണ ശേഷിയുടെ 75 ശതമാനത്തിൽ കൂടുതലായാൽ അണക്കെട്ടുകളുടെ ഗേറ്റുകൾ തുറക്കുമെന്ന് ഒമാൻ. ജലനിരപ്പ് നിയന്ത്രിക്കാനും ഭൂഗർഭജല സംഭരണം വർധിപ്പിക്കാനുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുമെന്നതിനാൽ വാദികളിൽ ശക്തമായ നീരൊഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഗേറ്റുകൾ തുറക്കുന്നത് ജലനിരപ്പ് നിയന്ത്രിക്കുന്നതിനൊപ്പം അധികജലം ഭൂഗർഭ ജലാശയങ്ങളിലേക്ക് എത്തിക്കാനും സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനും മഴവെള്ളം ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഈ നടപടി അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും നിന്ന് അകന്നു നിൽക്കാൻ പൗരന്മാർക്കും താമസക്കാർക്കും നിർദേശം നൽകി.
ഇതിനിടെ, കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വടക്കൻ ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലെ നിരവധി പ്രധാന റോഡുകൾ ഗതാഗതയോഗ്യമല്ലാതായതായി അധികൃതർ അറിയിച്ചു. സൊഹാർ–വാദി ഹിബി റോഡ്, ഖുമൈറ–സാ റോഡ്, ഫദ–ധങ്ക് റോഡ്, ഇബ്രി–ഹംറ അൽ ദുരു റോഡ് എന്നിവിടങ്ങളിൽ യാത്രയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 9999 എന്ന നമ്പറിൽ ബന്ധപ്പെടാനും നിർദേശം നൽകിയിട്ടുണ്ട്.






