പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ട് ആലപിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂൾ. വിദ്യാർഥികളും രക്ഷിതാക്കളും ഒരുമിച്ചണിനിരന്ന് നടത്തിയ ഏറ്റവും വലിയ ഓണപ്പാട്ട് ആലാപനത്തിലൂടെയാണ് സ്കൂൾ റെക്കോർഡ് നേട്ടം കൈവരിച്ചത്.
Best of India Recordsന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ പരിപാടിയിൽ 1,500ലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. കേരളത്തിന്റെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന 11 ഓളം ഓണപ്പാട്ടുകൾ 20 മിനിറ്റോളം ഒരേ സ്വരത്തിൽ ആലപിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത്.
കേരളീയ വേഷത്തിൽ 1,200 വിദ്യാർഥികളും 500 രക്ഷിതാക്കളുമാണ് പരിപാടിയിൽ അണിനിരന്നത്. ഓണത്തിന്റെ സന്തോഷവും ഐക്യവും സംഗീതത്തിലൂടെ പങ്കുവെച്ച പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവേശകരമായ അനുഭവമായി.
‘ഒരു ശബ്ദം, ഒരു മനസ്സ്, ഒരു റെക്കോർഡ്’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിലൂടെ സ്വന്തമാക്കിയ റെക്കോർഡ് സ്കൂളിന്റെ ഓണാഘോഷത്തിന് പുതിയ ചരിത്രമുദ്രയായി.
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ അഭയ് കുമാർ കെ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ സെൽജോ വെളിയന്നൂകാരൻ സി.എം.ഐ. അധ്യക്ഷത വഹിച്ചു. റെക്കോർഡ് ജേതാവായ വയലിനിസ്റ്റ് എം.എസ്. വിശ്വനാഥിന്റെ വയലിൻ കച്ചേരിയും പരിപാടിയുടെ ഭാഗമായി നടന്നു.
സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ഡോ. ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ഷാനു ജോഫി, PTWA പ്രസിഡന്റ് ജോജിത്ത് ടി. രാജൻ, വൈസ് പ്രസിഡന്റ് ടിഷ ബിജു, KG PTWA പ്രസിഡന്റ് ധന്യ പ്രവീൺ എന്നിവരും പങ്കെടുത്തു.


