ആലപ്പുഴ: ആവേശം നിറച്ച് 72-ാമത് നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം 22 വള്ളങ്ങൾ മാറ്റുരയ്ക്കും.
ചുരുളൻ വിഭാഗത്തിൽ രണ്ട് വള്ളങ്ങളും ഇരുട്ടുകുത്തി എ വിഭാഗത്തിൽ മൂന്ന്, ബി വിഭാഗത്തിൽ 16, സി വിഭാഗത്തിൽ 14 വള്ളങ്ങളും മത്സരിക്കും. വെപ്പ് എ വിഭാഗത്തിൽ അഞ്ച്, വെപ്പ് ബി വിഭാഗത്തിൽ നാല് വള്ളങ്ങളും തെക്കനോടി തറ വിഭാഗത്തിൽ ഒരു വള്ളവും തെക്കനോടി കെട്ട് വിഭാഗത്തിൽ നാല് വള്ളങ്ങളുമാണ് മത്സരരംഗത്തുള്ളത്.
ആഗസ്റ്റ് 22ന് രാവിലെ 11 മണിയോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം നടക്കുക. ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടന സമ്മേളനം നടക്കും. ഇതിന് ശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും അരങ്ങേറുക.
ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്‌സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സുകളിൽ നാല് വള്ളങ്ങൾ വീതവും അഞ്ചും ആറും ഹീറ്റ്‌സുകളിൽ മൂന്ന് വള്ളങ്ങൾ വീതവുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കായുള്ള ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടുക.
ചെറുവള്ളങ്ങളുടെ വിവിധ വിഭാഗങ്ങളിൽ ഫിനിഷ് ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ് ജേതാക്കളെ തീരുമാനിക്കുക. മത്സരങ്ങളുടെ സമയക്രമം പൊതുജനങ്ങൾക്ക് കാണാനാകുന്ന വിധത്തിൽ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.











