പത്തനംതിട്ട: ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയെന്ന പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് ആളുകളിൽ നിന്ന് പണം വാങ്ങിയതെന്നാണ് പരാതി.
പല ജില്ലകളിൽ നിന്നുള്ളവർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. 5,000 മുതൽ 10,000 രൂപ വരെയാണ് പലരിൽനിന്നായി തട്ടിയെടുത്തതെന്നാണ് പരാതി. കൊല്ലം സ്വദേശികൾ ഉൾപ്പെടെയുള്ള സംഘം ഇന്ന് ക്ഷേത്രത്തിലെത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്.
ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന വിപിൻ ദാസ് എന്നയാൾ സമൂഹമാധ്യമങ്ങളിലൂടെ വള്ളസദ്യയുടെ പരസ്യം നൽകുകയായിരുന്നു. താൽപര്യമുള്ളവരുമായി ചാറ്റ് ചെയ്ത് വള്ളസദ്യയും താമസവും ഉൾപ്പെടെ ആറന്മുളയിൽ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്യും. പണം വാങ്ങിയ ശേഷം ആളുകൾ ക്ഷേത്രത്തിലെത്തുമ്പോൾ ഇയാളുടെ ഫോൺ ലഭ്യമാകില്ലെന്നാണ് പരാതി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ജില്ലകളിൽ നിന്നുള്ളവർ തട്ടിപ്പിനിരയായതായി പൊലീസ് പറഞ്ഞു. ലഭിച്ച പരാതികളിൽ ഒന്നിലാണ് ഇപ്പോൾ ആറന്മുള പൊലീസ് കേസെടുത്തത്. കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു.
ആറന്മുള ക്ഷേത്രത്തിൽ മൂന്ന് രീതിയിലാണ് വള്ളസദ്യ ലഭ്യമാകുന്നത്. വഴിപാട് ബുക്ക് ചെയ്തവർക്ക് സദ്യ കഴിക്കാം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വഴിയും സദ്യ ലഭിക്കും. പള്ളിയോട സേവാസംഘം നൽകുന്ന പ്രത്യേക പാസ് വഴിയും വള്ളസദ്യയിൽ പങ്കെടുക്കാം. സീസൺ ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ പ്രത്യേക പാസുകൾ പൂർണമായിരുന്നു. ഈ സാഹചര്യത്തിലാണ് വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് നടന്നത്.











