കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ആദ്യ ദിനം രണ്ടാം സെഷൻ അവസാനിക്കുമ്പോൾ 3ന് 264 എന്ന നിലയിലാണ്. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ദേവ്ദത്ത് പടിക്കൽ സെഞ്ച്വറി നേടി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (108 പന്തിൽ 50) മികച്ച പ്രകടനം നടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 120 റൺസ് കൂട്ടിച്ചേർത്തു. റിഷഭ് റിട്ടയേഡ് ഹർട്ട് ആയി.
ആദ്യ സെഷനിൽ തന്നെ രണ്ട് ഓപ്പണർമാരെയും മടക്കി തുടക്കത്തിൽ ഇന്ത്യയെ ലങ്ക പ്രതിരോധത്തിലാക്കിയെങ്കിലും പടിക്കൽ–ഗിൽ കൂട്ടുകെട്ട് നിർഭയം ബാറ്റു വീശുകയായിരുന്നു. ഒന്നാം വിക്കറ്റിൽ യശസ്വി ജയ്‌സ്വാളും കെ.എൽ.രാഹുലും ചേർന്ന് 37 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിനിടെ ഒരൊറ്റ ലോക ടെസ്റ്റ് ചാംപ്യൻഷിപ് സൈക്കിളിൽ 1,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടം ശുഭ്മൻ ഗിൽ സ്വന്തമാക്കി. ടെസ്റ്റിൽ 3000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമെന്ന റെക്കോർഡും 26 വയസ്സുകാരനായ ഗിൽ നേടി.


