പത്തനംതിട്ട: പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബർ 3 തിങ്കളാഴ്ച്ച്, മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ തിരുവല്ല, ആലപ്പുഴയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് അവധി. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123 -ാം ഓർമ്മപ്പെരുന്നാളാണ് പരുമല പള്ളി തിരുനാളായി ആഘോഷിക്കുന്നത്. ഒക്‌ടോബർ 26ന് പള്ളിയിൽ കൊടിയേറി. തിങ്കളാഴ്ച്ചയോടെ തിരുനാൾ സമാപിക്കും. പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക പൊലീസ് കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ആംബുലൻസ് സേവനം ഒരുക്കി പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കി.










