പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർഥിനി ദീർഘകാലമായി ലൈംഗിക പീഡനത്തിനിരയായെന്ന പരാതിയിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വിദ്യാർഥിനിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയും അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് അറസ്റ്റിലായത്. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ വിദേശത്തുള്ള അച്ഛനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സഹപാഠികളോടാണ് വിദ്യാർഥിനി താൻ നേരിട്ട പീഡനവിവരങ്ങൾ ആദ്യം പങ്കുവെച്ചത്. തുടർന്ന് വിവരം ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി.) വഴി പൊലീസിലെത്തുകയും കേസെടുക്കുകയും ചെയ്തു.
മലയാലപ്പുഴ പൊലീസാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. കേസുകളിൽ ഒന്ന് പെരുനാട് പൊലീസിന് കൈമാറുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളിൽ ശേഷിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.




