പത്തനംതിട്ട: അടൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കോട്ടമുകൾ സ്വദേശിനി ഷെഹന (31) ആണ് മരിച്ചത്. സംഭവത്തിൽ ഏഴംകുളം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ഷെഹനയുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അടൂർ നഗരസഭ കൗൺസിലറെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കൗൺസിലർ വീടിനുള്ളിലുണ്ടായിരുന്ന യുവാവിനോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ഷെഹനയെ കോവണിപ്പടിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവസമയത്ത് യുവതി ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്നും വീട്ടിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ഷെഹനയുടെയും യുവാവിന്റെയും ശരീരത്തിൽ രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഫോറൻസിക് പരിശോധനയും ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കു.


