നഖങ്ങൾ നല്ല ഭംഗിയിൽ വെട്ടിയൊതുക്കി പോളിഷ് ചെയ്ത് കൊണ്ടുനടക്കുന്നത് ഇഷ്ടപ്പെടുന്നവരേറെയാണ്. നഖങ്ങളുടെ വൃത്തിയുടെ പ്രാധാന്യത്തെ കുറിച്ച് ആർക്കും സംശയമൊന്നും കാണുകയുമില്ല. എന്നാൽ സൗന്ദര്യത്തിന് പുറമെ നഖങ്ങൾ നമ്മളുടെ ആരോഗ്യത്തെ കുറിച്ച് കൂടി ചിലത് പറയുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ചറിയാൻ സാധിക്കും. നഖങ്ങളിലെ നിറവ്യത്യാസം, ഘടനാവ്യത്യാസം എന്നിവ പോഷകക്കുറവിന്‍റെയും ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങളാകാം.
കൊയിലോണിയ (സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ): ഇത് പലപ്പോഴും ശരീരത്തിൽ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. ഇത് വിളർച്ച, ഹീമോക്രോമാറ്റോസിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നി ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഒനിക്കോളിസിസ് (നഖം പൊളിഞ്ഞു പോകുന്നു): സോറിയാസിസ്, ഫംഗസ് അണുബാധ (ഒനികോമൈക്കോസിസ്), ഹൈപ്പർതൈറോയിഡിസം എന്നിവയുടെ ലക്ഷണമായി കണക്കാക്കുന്നു.
ക്ലബിംഗ്: ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം, ഹൃദ്രോഗം അല്ലെങ്കിൽ എൻഡോകാർഡിറ്റിസ് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ല്യൂക്കോണിച്ചിയ (നഖങ്ങളിലെ വെളുത്ത പാടുകൾ): സിങ്കിന്റെ കുറവോ ഫംഗസ് അണുബാധ കാരണമോ ആകാം നഖങ്ങളിൽ വെളുത്ത പാടുകൾ ഉണ്ടാവുന്നത്.
യെല്ലോ നെയിൽ സിൻഡ്രോം: നഖങ്ങൾ മഞ്ഞനിറത്തിലാവുക, നഖങ്ങളുടെ വളർച്ച മന്ദഗതിയിലാവുക, ലിംഫോഡീമ എന്നിവ പലപ്പോഴും ക്രോണിക് ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.












