കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി. കബ്ദ് പ്രദേശത്തെ ഫാം ഹൗസ് കേന്ദ്രീകരിച്ച് ഷാബു നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്ന ഒരാളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ മേൽനോട്ടത്തിലായിരുന്നു നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സാദ് അൽ അബ്ദുല്ലയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോഗ്രാം ഷാബുവും ലഹരിമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും കണ്ടെത്തി. വീടിന് സമീപം ഭൂമിക്കടിയിൽ കുഴിച്ചിട്ട നിലയിൽ പണവും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
കബ്ദിലെ ഫാം ഹൗസിൽ ഷാബു നിർമ്മിച്ചിരുന്നതായും പിടിച്ചെടുത്ത പണം ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതാണെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇരട്ട പൗരത്വം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ കുവൈത്ത് പൗരത്വം പിൻവലിക്കപ്പെട്ട വ്യക്തിയാണ് അറസ്റ്റിലായതെന്നും അധികൃതർ വ്യക്തമാക്കി. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.
ലഹരിമരുന്ന് നിർമ്മാണത്തിന് ഉപയോഗിച്ച ഫാം ഹൗസിന്റെ അനുമതി റദ്ദാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. രാജ്യത്ത് ലഹരിമരുന്ന് നിർമ്മാണത്തിനും വ്യാപാരത്തിനുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അറിയിച്ചു.












